വാതിൽ തുറന്നിരിക്കുന്നു. മുന്നോട്ട് നീങ്ങുക!

“എനിക്കു വലുതും ഫലപ്രദവുമായ ഒരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും ഏറെയുണ്ട്.”
1 കൊരിന്ത്യർ 16:9 (KJV)
പൗലൊസിന്റെ വാക്കുകളുടെ ക്രമം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
അവൻ തന്റെ എതിരാളികളെക്കുറിച്ച് പ്രഖ്യാപിച്ചുകൊണ്ടല്ല ആരംഭിച്ചത്. പകരം, “എനിക്കു വലുതും ഫലപ്രദവുമായ ഒരു വാതിൽ തുറന്നിരിക്കുന്നു!” എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ആരംഭിച്ചത്.
തുറന്ന വാതിലിനെക്കുറിച്ച് പ്രഖ്യാപിച്ചതിനുശേഷം മാത്രമാണ് അവൻ അനേകം എതിരാളികളെക്കുറിച്ച് പരാമർശിച്ചത്.
എത്ര ശക്തമായ വെളിപ്പാട്! തുറന്ന വാതിലിലായിരുന്നു അവന്റെ ശ്രദ്ധ; എതിരാളികൾ അവന്റെ മുൻഗണനയായിരുന്നില്ല!
ചിലപ്പോൾ വിശ്വാസികൾ തങ്ങളെ എതിർക്കുന്ന ആളുകളെക്കുറിച്ച് അമിതമായി ചിന്തിക്കുന്നതിനാൽ ദൈവം തങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന അവസരത്തെ കാണാതെപോകുന്നു.
ആരാണ് തങ്ങളെ വേദനിപ്പിച്ചത്, ആരാണ് തങ്ങളെ തെറ്റിദ്ധരിച്ചത്, ആരാണ് തങ്ങളെ തിരസ്കരിച്ചത്, ആരാണ് തങ്ങൾക്കെതിരെ നിൽക്കുന്നത് എന്നിങ്ങനെ ചിന്തിച്ചുകൊണ്ട് അവർ ദിവസങ്ങൾ ചെലവഴിക്കുന്നു.
എന്നാൽ ഇതൊന്ന് ചിന്തിക്കുക: നിങ്ങളുടെ മുമ്പിൽ വലിയൊരു വാതിൽ ഇതിനകം തുറന്നിരിക്കുമ്പോൾ എന്തിനാണ് എതിരാളികളിൽ മുഴുകിനിൽക്കുന്നത്?
തുറന്ന വാതിൽ മുന്നോട്ട് നീങ്ങാനുള്ള ക്ഷണമാണ്; സംഘർഷത്തിൽ തടവുകാരായി തുടരാനുള്ളതല്ല!
ദൈവം നിങ്ങൾക്ക് നൽകിയിരിക്കുന്ന ദിശയിൽ മുന്നോട്ട് പോകുന്നതിനുമുമ്പ് എല്ലാ വാദപ്രതിവാദങ്ങളിലും ജയിക്കണമെന്നോ എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകണമെന്നോ എല്ലാ എതിരാളികളെയും ബോധ്യപ്പെടുത്തണമെന്നോ ഇല്ല.
എഫെസ്യർ 6:12 നമ്മെ ഓർമ്മിപ്പിക്കുന്നത് നമ്മുടെ പോരാട്ടം ജഡരക്തങ്ങളോടല്ല എന്നാണ്. മനുഷ്യരല്ല നമ്മുടെ യഥാർത്ഥ ശത്രുക്കൾ. മനുഷ്യരോട് പോരാടുക എന്നതുമല്ല നമ്മുടെ വിളി.
നമ്മുടെ വിളി യേശുവിനെ അനുഗമിക്കുകയാണ്!
അവിടുത്തെ വചനത്തോടൊപ്പം മുന്നോട്ട് നീങ്ങുക. അവിടുത്തെ ദർശനത്തോടൊപ്പം മുന്നോട്ട് നീങ്ങുക. അവിടുത്തെ ശബ്ദം നയിക്കുന്ന ദിശയിൽ മുന്നോട്ട് നീങ്ങുക. ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയത്തെ ഭരിക്കുമ്പോൾ മുന്നോട്ട് നീങ്ങുക.
ഇതിനർത്ഥം യഥാർത്ഥ ബുദ്ധിമുട്ടുകളെ അവഗണിക്കണമെന്നോ വിവേചനമില്ലാതെ മുന്നോട്ട് പോകണമെന്നോ അല്ല. മറിച്ച്, ദൈവത്തിന്റെ വഴിനടത്തലിനെക്കാൾ എതിർപ്പുകൾക്ക് പ്രാധാന്യം നൽകാൻ വിസമ്മതിക്കുക എന്നതാണ്.
എതിരാളികളുടെ സാന്നിധ്യം വാതിൽ തുറന്നിരിക്കുന്നു എന്ന സത്യത്തെ മാറ്റുന്നില്ല!
✨ പ്രിയരേ, ദൈവത്തിന്റെ ഉദ്ദേശ്യത്തിന് നൽകേണ്ട ശ്രദ്ധ നിങ്ങളുടെ എതിരാളികൾക്ക് നൽകുന്നത് അവസാനിപ്പിക്കുക! ജഡരക്തങ്ങളോട് പോരാടി ജീവിതം ചെലവഴിക്കാനല്ല നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിനെ അനുഗമിക്കാനും അവിടുന്ന് നിങ്ങളെ ഏൽപ്പിച്ച നിയോഗം നിറവേറ്റാനുമാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. പരിശുദ്ധാത്മാവ് നിങ്ങളുടെ ചുവടുകളെ നയിക്കട്ടെ. ദൈവം നിങ്ങളെ നയിക്കുന്നിടത്ത് വിശ്വാസത്തോടും ജ്ഞാനത്തോടും സമാധാനത്തോടുംകൂടെ മുന്നോട്ട് നീങ്ങുക!
🕊️ ഇന്നത്തെ വ്യക്തിപരമായ വിശ്വാസപ്രഖ്യാപനം
എന്റെ മുമ്പിൽ തുറന്നിരിക്കുന്ന വാതിൽ ഞാൻ കാണുന്നു!
എതിരാളികൾ എന്റെ ശ്രദ്ധ തിരിക്കാനോ എന്നെ നിയന്ത്രിക്കാനോ ഞാൻ അനുവദിക്കുകയില്ല.
ഞാൻ ജഡത്തിൽ പോരാടുകയില്ല. യേശുക്രിസ്തുവിന്റെ ശബ്ദത്തെയും ദർശനത്തെയും അനുഗമിച്ചുകൊണ്ട് ആത്മാവിൽ നടക്കും.
വാതിൽ തുറന്നിരിക്കുന്നു, ഞാൻ മുന്നോട്ട് നീങ്ങുകയാണ്! ഞാൻ എതിരാളികളിൽ മുഴുകിനിൽക്കുകയില്ല. ദൈവത്തിന്റെ വചനത്തോടും ദൈവാത്മാവിനോടും ദൈവത്തിന്റെ സമാധാനത്തോടുംകൂടെ ഞാൻ മുന്നോട്ട് നീങ്ങും!
Joshua Benji John & Asha Grace
New Creation Truths



Open Doors🔑🔑🔑🔑🔑